Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Samuel 3
3 / 31
1
ശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുൎല്ലഭമായിരുന്നു; ദൎശനം ഏറെ ഇല്ലായിരുന്നു.
2
ആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.
3
ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.
4
യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
5
ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു.
6
യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു.
7
ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.
8
യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
9
ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
10
അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
11
യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാൎയ്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.
12
ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവൎത്തിക്കും.
13
അവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമൎത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷ വിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.
14
ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
15
പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദൎശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.
16
ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു.
17
അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു.
18
അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.
19
എന്നാൽ ശമൂവേൽ വളൎന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.
20
ദാൻമുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.
21
ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books